Monday, 2 May 2016

രാമായണ മാസം


രാമായണ മാസം

ക്ഷേത്രത്തില്‍, രാമായണ പ്രഭാഷണം നടക്കുകയാണ്; ക്ഷേത്ര മുറ്റത്തെ ആല്‍ക്കൊമ്പിലിരുന്നു കുരങ്ങന്‍ പ്രഭാഷണം മുഴുവനും കേട്ടു. അത് വളരെ ഇഷ്ടമായി, ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്ന് ഉറച്ചു; നാളെ ഉപവസിച്ചു രാമ നാമം ജപിച്ച്, തനിക്കും വീര ഹനുമാനെപ്പോലെ ശക്തനാവണം കുരങ്ങന്‍ തീരുമാനിച്ചു.
പിറ്റേദിവസം അതിരാവിലെ കുരങ്ങന്‍ ഉറക്കമുണര്‍ന്നു. സുഖമായിരിക്കാവുന്ന ഒരു വൃക്ഷശിഖരത്തില്‍ ഇരിപ്പുറപ്പിച്ചു രാമനാമ ജപം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍, കുരങ്ങന്‍ ചിന്തിച്ചു, ഇന്നത്തെ ഉപവാസവും, ജപവും കഴിയുമ്പോള്‍, നാളെ രാവിലെ ഭക്ഷണം ശേഖരിക്കാന്‍ എനിക്ക് ആരോഗ്യം ഉണ്ടാവില്ല; കുറച്ചു പഴം പറിച്ചു വെച്ചിട്ട് ജപം തുടരാം.
കുരങ്ങു പഴം ശേഖരിച്ച് മരപ്പൊത്തില്‍ വച്ച് ജപം തുടര്‍ന്നു. അപ്പോള്‍ മറ്റൊരു ചിന്ത വന്നു: “നാളെ ക്ഷീണം കൊണ്ട്, മരപ്പൊത്ത് വരെ നടക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? പഴം കൈയില്‍ വച്ചിരുന്നു ജപിക്കുക തന്നെ; നാളെ വ്രതം തീരുമ്പോള്‍, കൈയില്‍ നിന്നും എടുത്തു കഴിക്കാം.”
പഴം കൈയില്‍ വച്ച് ജപിച്ചപ്പോള്‍, വീണ്ടും ഒരു ചിന്ത വന്നു: നാളെ കൈയിലിരിക്കുന്ന പഴം ക്ഷീണം മൂലം എടുത്തു വായിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലോ? അതുകൊണ്ട് പഴം വായില്‍ ഇട്ടുകൊണ്ട്‌ ജപിക്കാം.
പഴം വായില്‍ ഇട്ടു; അപ്പോള്‍ ജപിക്കാന്‍ വിഷമം തോന്നി; “എന്തൊരു ശല്യം, ഈ പഴം കാരണം ജപം മുടങ്ങുന്നു; നാളെ ആയാലും, ഞാന്‍ തന്നെ വേണം ഈ പഴം കഴിക്കാന്‍; അപ്പോള്‍, ഇന്ന് ഇത് കഴിച്ചിട്ട് ജപിക്കാം” കുരങ്ങന്‍ സ്വയം പറഞ്ഞു..
അങ്ങനെ, കുരങ്ങന്‍ പഴമെല്ലാം കഴിച്ചു തീര്‍ത്തു; അപ്പോള്‍ ക്ഷീണം തോന്നി. ആഹാരം കഴിച്ചാല്‍ കുറച്ചു കിടക്കുന്നത് നല്ലതാണ്; ഒന്ന് വിശ്രമിച്ചിട്ട് ജപം തുടരാം; അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു; അതോടെ ഉറക്കവുമായി; കുരങ്ങന്‍റെ ഉപവാസജപം അങ്ങനെ കലാശിച്ചു!
മായയാണ് അലസതയുടെ രൂപത്തില്‍ വന്നു നമ്മെ കീഴക്കാന്‍ ശ്രമിക്കുന്നത്. അലസതയ്ക്കെ തിരെ നിതാന്ത ജാഗ്രത പുലര്‍ത്തിയാലേ, ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ.
ഹരേ രാമാ!!

No comments:

Post a Comment